കൊച്ചിയിലെ അലൻ വാക്കർ ഷോയിൽ നടന്ന മൊബൈൽ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെയാണ്. പിടിയിലായ പ്രതികൾ മോഷ്ടിച്ചു നൽകിയ മൊബൈൽ ഫോണുകൾ ഇയാൾക്കാണ് കൈമാറിയത്. മുംബൈയിലും ഉത്തർപ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താൻ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ 12 എണ്ണം കൊച്ചിയിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്. ഇന്നലെ മുംബൈയിൽ നിന്ന് എത്തിച്ച ശ്യാം ബരൻവാൾ, സണ്ണി ബോല എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. മുംബൈയിൽ നിന്ന് പിടിയിലായ പ്രതികൾ മോഷണത്തിനായി കൊച്ചിയിൽ എത്തിയതിന്റെ സിസിടി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.
Story Highlights: Pramod Yadav identified as mastermind behind mobile phone theft at Alan Walker show in Kochi