കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചയായ എ.കെ.ജി സെന്റർ ആക്രമണ കേസിൽ പുതിയ വഴിത്തിരിവ്. കെ സുധാകരനും വി ഡി സതീശനും സമൻസ് അയച്ചതായി റിപ്പോർട്ട്. പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് ഇരുവരെയും സാക്ഷികളായി വിളിപ്പിച്ചിരിക്കുന്നത്. ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെയും കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
രണ്ടു വർഷം മുൻപ് രാത്രി 11.25-നാണ് എകെജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവം നടന്നത്. മുഖ്യകവാടത്തിനു സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെയാണ് സ്ഫോടകവസ്തു അകത്തേക്ക് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുന്നുകുഴി ഭാഗത്തുനിന്നു ബൈക്കിലെത്തിയ ഒരാളാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് കണ്ടെത്തി.
ബൈക്ക് നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നു സ്ഫോടകവസ്തു എറിയുന്ന ദൃശ്യമാണ് ലഭിച്ചത്. സംഭവ സമയത്ത് എകെജി സെന്ററിന്റെ മുഖ്യഗേറ്റിൽ പൊലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ല. സ്ഫോടകവസ്തു എറിഞ്ഞ ശേഷം പ്രതി വേഗത്തിൽ സ്ഥലം വിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.