കോൺഗ്രസിനെ വിമർശിച്ച് പാർട്ടിയിൽ നിന്നും പുറത്തുവന്ന എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക് ചേക്കേറുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അദ്ദേഹം പുതിയ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുക. ഇതിനു മുന്നോടിയായി തിരുവനന്തപുരത്തുള്ള ഷാനിബ് സിപിഐഎം നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഷാനിബ് നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നതെന്നും, ആർഎസ്എസ്, എസ്ഡിപിഐ എന്നിവയുമായി തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടുന്ന കാഴ്ചയും തുടരെ കാണുന്നുവെന്ന് ഷാനിബ് കുറ്റപ്പെടുത്തി. തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസെന്നും, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത, അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, എകെ ഷാനിബ് ഇടതുപക്ഷത്തിനൊപ്പമാണെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചാരണവേദിയിൽ ഷാനിബ് എത്തിയിരുന്നു. സ്ഥാനാർത്ഥിയായ പി സരിന് തന്റെ എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന നിലപാടാണ് എ കെ ഷാനിബ് സ്വീകരിക്കുന്നത്.
Story Highlights: Former Congress member AK Shanib joins DYFI after criticizing his former party