എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്എഫ്; ബിനോയ് വിശ്വത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടി

Anjana

എസ്എഫ്‌ഐയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എഐഎസ്എഫ് രംഗത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് എഐഎസ്എഫ് രംഗത്തെത്തിയത്. ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ്എഫ്‌ഐ വളര്‍ന്നിട്ടില്ലെന്നും സ്വയം അപഹാസ്യരാകുകയാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.

കേരളത്തിലെ ക്യാമ്പസുകളെ അക്രമത്തിന്റെയും ജനാധിപത്യ നിഷേധത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെയുള്ള ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങളോടുള്ള എസ്എഫ്‌ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് എഐഎസ്എഫ് ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ട് തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള പക്വത കാണിക്കേണ്ടതിന് പകരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിക്കുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടിയന്തിരാവസ്ഥയുടെ ചരിത്രം ബിനോയ് വിശ്വത്തെ ഓര്‍മിപ്പിക്കുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കേരള രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് സംഘടനകളുമായി പലപ്പോഴും സ്വന്തം സംഘടന നടത്തിയിട്ടുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള തെരഞ്ഞെടുപ്പ് സഖ്യങ്ങളെ വിസ്മരിക്കരുതെന്നും എഐഎസ്എഫ് ഓര്‍മിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും എഐഎസ്എഫിനെയും ചരിത്രം പഠിപ്പിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാക്കളും വളര്‍ന്നിട്ടില്ലെന്നും മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുടക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.