ക്യാംപസ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് അഭിപ്രായപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ഉന്നയിച്ചത്. നിരന്തരമായി സംഘർഷങ്ങളിൽ പങ്കെടുക്കുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്യാമ്പസുകൾ തുറന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവരുന്ന അക്രമവാർത്തകൾ അപമാനകരമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്, പുനലൂർ എസ്എൻ കോളേജ്, കോഴിക്കോട് നാദാപുരം ഗവ. കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ് എന്നിവിടങ്ങളിൽ നടന്ന സംഘർഷങ്ങൾ പ്രതിഷേധാർഹമാണെന്ന് എഐഎസ്എഫ് പറഞ്ഞു. സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കാനേ സഹായിക്കുകയുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടി. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ വില നൽകേണ്ടി വരുമെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകി. നാലുവർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവടുവയ്ക്കുന്ന കാലത്ത് അക്രമി സംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കാൻ ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here