ചെന്നൈ: അണ്ണാ ഡിഎംകെ നടന് വിജയ്യുമായി അടുക്കാനുള്ള നീക്കങ്ങള് ആരംഭിച്ചതായി റിപ്പോര്ട്ട്. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്ട്ടിയായ തമിഴക വെട്രി കഴകത്തെയോ (ടിവികെ) വിമര്ശിക്കരുതെന്ന് കാണിച്ച് പാര്ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്ക്കും വക്താക്കള്ക്കും അണ്ണാ ഡിഎംകെ ജനറല് സെക്രട്ടറി എടപ്പാടി പളനിസ്വാമി നിര്ദേശം നല്കിയതായാണ് വിവരം. ഉടന് സഖ്യമുണ്ടാക്കാന് സാധിക്കാതെവന്നാലും ഭാവിയില് ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്.
ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തില് ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നെങ്കിലും അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമര്ശവും നടത്തിയിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചര്ച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമര്ശിക്കാത്തതിന് കാരണം പാര്ട്ടിയുടെ പ്രവര്ത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നേതൃത്വവും താഴെത്തട്ടിലുള്ള പ്രവര്ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല് സെക്രട്ടറി എടപ്പാടി പളനിസ്വാമി യോഗം വിളിച്ചിട്ടുണ്ട്. നവംബര് ആറിന് പാര്ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില് ജില്ലാ സെക്രട്ടറിമാര് പങ്കെടുക്കും. വിജയ്യുമായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില് ചര്ച്ച വന്നേക്കും. ജയലളിതയുടെ വിയോഗത്തിന് പിന്നാലെ തുടര്ച്ചയായ പരാജയങ്ങളാണ് പാര്ട്ടിക്കേല്ക്കുന്നത്. സംഘടനാ തലത്തിലും തെരഞ്ഞടുപ്പ് തലത്തിലും ക്ഷീണത്തിലായ പാര്ട്ടിയെ ഉണര്ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനുള്ളൊരു വഴിയായാണ് വിജയ്യെ, പാര്ട്ടി കാണുന്നത്.
Story Highlights: AIADMK seeks alliance with Vijay’s TVK party, instructs leaders not to criticize