മെക് സെവനെതിരായ വിമർശനത്തിൽ സിപിഐഎം നിലപാട് തള്ളി മുൻ മന്ത്രിയും ഐഎൻഎൽ സംസ്ഥാന അധ്യക്ഷനുമായ അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. തെറ്റിദ്ധാരണയെ തുടർന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയെന്ന് അദ്ദേഹം വ്യക്തമാക്കി. മെക് സെവനെതിരെ ഇകെ സമസ്ത വിഭാഗം നടത്തിയ പ്രസ്താവന മത കാര്യങ്ങൾ മുൻനിർത്തിയാണെന്നും അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും കൂട്ടായ്മ വ്യായാമ പരിശീലനം നടത്തുന്നതിനെ എതിർക്കേണ്ടതില്ലെന്ന് അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. ജാതിമത ചിന്തകൾക്കതീതമായാണ് മെക് സെവൻ പ്രവർത്തിക്കുന്നതെന്നും, ഒരു തെളിവും ഇല്ലാത്ത സാഹചര്യത്തിൽ മെക് സെവന് എതിരെ പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രഹസ്യ സ്ഥലത്ത് നടത്തുന്ന പരിപാടിയല്ല ഇതെന്നും, താനും ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ തുറന്നു പറഞ്ഞു.
എന്നാൽ, മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെങ്കിലും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ജാഗ്രത വേണമെന്നും പി മോഹനൻ ആവശ്യപ്പെട്ടു. അതേസമയം, മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തി. മെക് സെവന് പിന്നിൽ ചതിയുണ്ടെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി മുന്നറിയിപ്പ് നൽകി.
Story Highlights: Former minister Ahamed Devarkovil rejects CPIM’s criticism against MEC Seven, citing misunderstanding