പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏഴംകുളം വില്ലേജിൽ തേപ്പുപാറ തൊടുവക്കാട് ചരുവിള വീട്ടിൽ ലിസൺ (37) എന്നയാളെയാണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി മഞ്ജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും എസ്സി എസ്ടി ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം കഠിനതടവും 11 വർഷം അധിക കഠിന തടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2023 ആഗസ്റ്റ് 5, 26 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിത താമസിച്ചുവരുന്ന മാതൃ സഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
അന്നത്തെ അടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന എസ്. ശ്രീകുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. അടൂർ ഡിവൈഎസ്പി ആയിരുന്ന ജയരാജ് ആർ. ആണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 28 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി. ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Highlights: Court sentences man to life imprisonment for sexually assaulting minor girl in Adoor