വിജിലൻസ് അന്വേഷണത്തിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് ലഭിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായും, ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പി വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്മിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ, എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണം നടത്തിയതെന്ന് വിജിലൻസ് കണ്ടെത്തി. താഴത്തെ കാർ പാര്ക്കിംഗ് നില ഉള്പ്പെടെ മൂന്ന് നിലകെട്ടിടമാണ് അജിത് കുമാർ കവടിയാറിൽ നിർമ്മിച്ചത്.
അതേസമയം, എം ആർ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. അജിത് കുമാറിനൊപ്പം സുരേഷ് രാജ് പുരോഹിതിനെയും ഡിജിപി റാങ്കിലേക്ക് ഉയർത്തിയിട്ടുണ്ട്. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Story Highlights: Vigilance gives clean chit to ADGP MR Ajith Kumar in illegal asset acquisition probe