എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യ സന്ദര്ശനമായിരുന്നുവെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിയുടെ വാഹനത്തിലാണ് എഡിജിപി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഈ വിവരം സ്പെഷ്യല് ബ്രാഞ്ച് ഡിജിപി, ഇന്റലിജന്സ് മേധാവി, സര്ക്കാര് എന്നിവരെ അന്നേ അറിയിച്ചിരുന്നതായും റിപ്പോര്ട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള് ആദ്യം പുറത്തുവിട്ടത്. 2023 മെയ് 22ന് നടന്ന കൂടിക്കാഴ്ച കേന്ദ്ര അന്വേഷണ ഏജന്സികളുടെ ഇടപെടല് തടയാനായി മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണെന്നും തൃശൂര് പൂരം അലങ്കോലപ്പെടുത്താനുള്ള തീരുമാനം ഉള്പ്പെടെ ഈ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നെന്നും സതീശന് ആരോപിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അജിത് കുമാറിനോട് വിശദീകരണം തേടിയത്.
എന്നാല് പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ തൃശൂര് വിദ്യാമന്ദിര് സ്കൂളിലല്ല, മറിച്ച് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് തെളിയുന്നത്. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബൊളയുമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഈ സംഭവം സംബന്ധിച്ച് പൊലീസ് സ്പെഷ്യല് ബ്രാഞ്ചും റിപ്പോര്ട്ട് നല്കിയിരുന്നു. എന്നാല് എഡിജിപി ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താന് സ്വകാര്യ വാഹനത്തില് പോയത് അറിഞ്ഞിട്ടും സര്ക്കാര് വിഷയത്തില് കണ്ണടച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Story Highlights: ADGP MR Ajith Kumar admits meeting RSS leader, raising questions about government’s knowledge and response