സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തുല്യതയെയും കുറിച്ചുള്ള സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടില് നിന്ന് വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക. ഭര്ത്താവിന് കീഴില് ജീവിക്കുക എന്നതാണ് തന്റെ സന്തോഷവും സമാധാനവുമെന്ന് താരം തുറന്നുപറഞ്ഞു. കൗമാരകാലത്ത് തന്നെ ഇത്തരമൊരു തീരുമാനം എടുത്തതായും അവര് വ്യക്തമാക്കി.
സ്ത്രീകള്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും തുല്യതയില് വിശ്വസിക്കണമെന്നും സ്വാസിക അഭിപ്രായപ്പെട്ടു. എന്നാല് കുടുംബ ജീവിതത്തില് തനിക്ക് ഈ തുല്യതയോ സ്വാതന്ത്ര്യമോ വേണ്ടെന്നും താരം വ്യക്തമാക്കി. അച്ഛനും അമ്മയും ഭര്ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവര് വേണ്ടെന്ന് പറഞ്ഞാല് സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും തനിക്കിഷ്ടമാണെന്നും സ്വാസിക കൂട്ടിച്ചേര്ത്തു.
‘ഭര്ത്താവിന് കീഴില് ജീവിക്കുന്നവരാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള് എപ്പോഴും സ്വതന്ത്രരായിരിക്കണം. അവര് തുല്യതയില് വിശ്വസിക്കണം. പക്ഷേ ഈ പറഞ്ഞ തുല്യത, കുടുംബ ജീവിതത്തില് എനിക്ക് വേണ്ട. എനിക്ക് ആ സ്വാതന്ത്ര്യം വേണ്ട. ഓരോരുത്തര്ക്കും അവരവരുടെ രീതിയില് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന് കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്.’
തന്റെ നിലപാടിനെ പലരും തെറ്റായി മനസ്സിലാക്കുന്നുവെന്നും സ്ത്രീകളെ പിറകോട്ട് തള്ളുന്നുവെന്ന് ആരോപിക്കുന്നുവെന്നും സ്വാസിക പറഞ്ഞു. എന്നാല് ഇത് തന്റെ ബോധപൂര്വമായ തീരുമാനമാണെന്നും സമൂഹം എങ്ങനെ മാറിയാലും താന് ഇങ്ങനെ തന്നെ ജീവിക്കുമെന്നും അവര് വ്യക്തമാക്കി. തന്റെ ജീവിതരീതി മറ്റുള്ളവര് പിന്തുടരേണ്ടതില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
Story Highlights: Actress Swasika expresses her choice to live under her husband’s guidance, sparking debate on women’s freedom and equality in family life.