കേരള ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് സുപ്രധാനമായ നിരീക്ഷണം നടത്തി. സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രവണതകൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നും, അത് കോടതിയുടെ മോറൽ പൊലീസിങ്ങിന് വിധേയമാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ചെങ്ങന്നൂർ സ്വദേശിനിയായ ഒരു യുവതി നൽകിയ ഹർജിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതിയുടെ നടപടിക്കെതിരെയായിരുന്നു ഹർജി. ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം കണക്കിലെടുത്താണ് കുടുംബ കോടതി കസ്റ്റഡി നിഷേധിച്ചത്. ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് ഹൈക്കോടതിയിൽ എത്തിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി മാവേലിക്കര കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.
Story Highlights: Kerala High Court rules against judging women based on their clothing choices, emphasizing personal freedom.