നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രതിഭാഗത്തിന്റെ വാദം ഇന്ന് ആരംഭിക്കും. ഡിസംബറിൽ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂർത്തിയായി. ഫെബ്രുവരി അവസാനത്തോടെ വിചാരണ നടപടികൾ പൂർത്തിയാകുമെന്നാണ് കോടതി വിലയിരുത്തുന്നത്. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിലെ ഒന്നാം പ്രതി പൾസർ സുനി രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച ഡോക്ടറെയും, ഫോറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറെയും വീണ്ടും വിസ്തരിക്കണമെന്നാണ് സുനിയുടെ ആവശ്യം.
പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താൻ ജയിലിൽ ആയിരുന്നതിനാൽ അഭിഭാഷകനോട് കാര്യങ്ങൾ സംസാരിക്കാനായില്ലെന്നാണ് പൾസർ സുനിയുടെ വാദം. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരെയാണ് സുനി ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Story Highlights: The trial in the actress assault case is in its final stages, with the defendant’s arguments set to begin today.