കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രീംകോടതിയ്ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ അവർ വ്യക്തമാക്കി.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ തുറന്നുപരിശോധിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടിയുടെ ഈ അസാധാരണ നീക്കം. കോടതിയിലെത്തിച്ച മെമ്മറി കാർഡ് തുറന്നതിൽ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വിശദീകരിച്ചു.
തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും ദൗർഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് തുറന്നതായി തെളിവുണ്ടായിട്ടും സുപ്രീംകോടതിയിൽ നിന്നുപോലും നടപടിയുണ്ടായില്ലെന്നും അതിജീവിത പറഞ്ഞു. മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ നിയമപരമായി ഇത് നിലനിൽക്കില്ലെന്ന് കോടതികൾ നിരീക്ഷിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും. നടപടിക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.
Story Highlights: Actress assault case victim writes to President of India seeking action on memory card tampering