കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മുൻ ഭർത്താവാണ് ആസിഡ് ആക്രമണം നടത്തിയത്. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവതി ആക്രമണത്തിന് ഇരയായത്. കൂട്ടാലിട കാരടിപറമ്പിൽ പ്രവിഷ എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുൻ ഭർത്താവ് പ്രവിഷയെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി. ഫ്ലാസ്കിൽ കരുതിവച്ചിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് പ്രശാന്ത് ഒഴിക്കുകയായിരുന്നു. തിരുവോട് സ്വദേശി കാരിപ്പറമ്പിൽ പ്രശാന്താണ് ക്രൂരകൃത്യം നടത്തിയത്.
നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും പ്രവിഷയെ രക്ഷപ്പെടുത്തി. സമീപത്തെ ടാക്സി ഡ്രൈവറായ ലിതിന്റെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കണ്ണൂരിൽ ജോലി ചെയ്യുന്ന പ്രവിഷ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നാട്ടിലെത്തിയത്. തൃശ്ശൂരിൽ കോൾ ടാക്സി ഡ്രൈവറാണ് പ്രശാന്ത്. മേപ്പയൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഓടുന്നതിനിടെയിലും പ്രശാന്ത് യുവതിയെ പിന്തുടർന്ന് ആസിഡ് ഒഴിച്ചിരുന്നു.
Story Highlights: A woman undergoing treatment at Cheruvannur Government Ayurveda Hospital in Kozhikode was attacked with acid by her ex-husband.