നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് പ്രതികൾ സമ്മതിച്ചതായി റിപ്പോർട്ട്. ഇരുപത്തിയഞ്ചിലധികം വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ കൈമാറിയെന്നാണ് പ്രതികളുടെ മൊഴി. ഈ സംഭവത്തിൽ സിബിഐ ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ വായിച്ച് മനസ്സിലാക്കാൻ അശുതോഷ് എന്നയാൾ വിദ്യാർത്ഥികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ചതായും വെളിപ്പെടുത്തി.
ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓരോന്നും രാജസ്ഥാനിൽ മൂന്നുമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗുജറാത്തിലെ ഗോധ്രയിൽ ചോദ്യപേപ്പറിന് പണം നൽകിയ 15-ലധികം വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ ഇന്ത്യാ സഖ്യം ഒരുങ്ങുകയാണ്. ഇരു സഭകളിലും പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും. ഈ സംഭവത്തിന് പിന്നാലെ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ബിഹാർ സർക്കാർ അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.