എറണാകുളം ജനറൽ ആശുപത്രിയിൽ മൂന്നാഴ്ച പ്രായമുള്ള പെൺകുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായിരിക്കുന്നു. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിന് ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം പുതിയൊരു ജീവിതം ലഭിക്കുന്നു. ശിശുക്ഷേമ സമിതി നാളെ കുഞ്ഞിനെ ഏറ്റെടുക്കും.
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും വിലമതിക്കാനാവാത്ത സമ്പത്താണെന്നും അതുകൊണ്ടാണ് ‘നിധി’ എന്ന് പേരിട്ടതെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി കുഞ്ഞിന് പേരിട്ടത്.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾക്കാണ് കുഞ്ഞ് ജനിച്ചത്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന വഴി ട്രെയിനിൽ വെച്ച് ഭാര്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ജനിച്ചപ്പോൾ ഒരു കിലോയിൽ താഴെ മാത്രം ഭാരമുണ്ടായിരുന്നതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കളെ കാണാതായി. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാൻ നിർദ്ദേശം നൽകി.
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് വിദഗ്ദ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടർ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ നൽകും.
എറണാകുളം ജനറൽ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിലെ എല്ലാവരുടെയും പൊന്നോമനയാണ് ‘നിധി’. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്സിജൻ നൽകിയിരുന്നു.
അനീമിയ ഉണ്ടായിരുന്നതിനാൽ രണ്ട് തവണ രക്തം നൽകി. ആശുപത്രിയിലെ മിൽക്ക് ബാങ്കിൽ നിന്നും കുഞ്ഞിന് മുലപ്പാൽ നൽകുന്നുണ്ട്. പൂർണ്ണ ആരോഗ്യവതിയായ കുഞ്ഞിന് ഇപ്പോൾ മൾട്ടി വിറ്റാമിനും അയൺ ഡ്രോപ്സും മാത്രമാണ് നൽകുന്നത്. ഇപ്പോൾ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമുണ്ട്.
സാധാരണ കുട്ടികളെ പോലെ പാൽ കുടിക്കാൻ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്പെഷ്യൽ ഓഫീസർ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരാണ് കുഞ്ഞിനെ ചികിത്സിച്ചത്.
ബന്ധുക്കളാരും ഇല്ലാത്തതിനാൽ കുഞ്ഞിനെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോൺ കെയറിലെ നഴ്സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ ടീമിനെ മന്ത്രി അഭിനന്ദിച്ചു.
Story Highlights: Parents abandoned a newborn in an ICU, but the Kerala government ensured her care and named her Nidhi.