**കോട്ടയം◾:** തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ പ്രതി അമിത് അറസ്റ്റിലായി. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ ഉപയോഗിച്ചതാണ് പ്രതിയെ കുരുക്കിലാക്കിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിൽ നിന്നും പ്രതി പിടിയിലായത്.
വിജയകുമാറിന്റെ ഫോണിൽ നിന്ന് ഗൂഗിൾ അക്കൗണ്ടിലെ കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചിരുന്നു. ഈ ഫോൺ പ്രതിയുടെ പക്കലുണ്ടായിരുന്നു. രാത്രിയിൽ പ്രതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഫോൺ ഉപയോഗിച്ചത്.
കൊലയ്ക്ക് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവുമായി കോടാലിയിലേത് ഒത്തുനോക്കി. വീടിന്റെ കതകിലും ഉള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ വിരലടയാളം പതിഞ്ഞിരുന്നു. വിദഗ്ധ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. കോഴി ഫാമിൽ ഒളിവിലായിരുന്നു പ്രതി.
ദിവസങ്ങളായി കൊലപാതകം ആസൂത്രണം ചെയ്തതായി വിവരം. കഴിഞ്ഞ ശനിയാഴ്ച മുതൽ നഗരത്തിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന അമിത് പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് മുറി ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് അകത്തുകയറി. രാത്രിയോടെയാണ് കൊലപാതകം നടത്തിയത്.
ലോഡ്ജിൽ നിന്നും പുറത്തേക്ക് വരുന്നതും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ ഉപയോഗിച്ചതോടെയാണ് പ്രതി കുരുക്കിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിൽ നിന്നും പ്രതി പിടിയിലായത്.
Story Highlights: The suspect in the Kottayam Thiruvathukkal double murder case was apprehended in Thrissur after using the victim’s phone.