**ഗുരുവായൂർ◾:** ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതിന് പരാതി ഉയർന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് വി ആർ അനൂപാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയത്. വിഷു ദിവസം മാധ്യമങ്ങൾക്ക് പോലും ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സ്ഥലത്താണ് റീൽസ് ചിത്രീകരിച്ചത്.
ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങളാണ് റീൽസിലൂടെ പങ്കുവെച്ചത്. രാജീവ് ചന്ദ്രശേഖർ തന്നെയാണ് റീൽസ് പുറത്തുവിട്ടത്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിയന്ത്രണമുള്ള മേഖലയിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പരാതിയിൽ പറയുന്നു.
നേരത്തെ ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് വിവാദമാകുന്നത്. ഇന്ന് രാവിലെ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് റീൽസ് പകർത്തിയത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ പകർത്തുന്നത് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സംഭവം.
Story Highlights: Congress leader files a complaint against BJP state president Rajeev Chandrasekhar for filming a reel at Guruvayur temple, violating a High Court order.