സുപ്രീം കോടതി ഇന്ന് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കും. ഗവർണർ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സമാനമായ ഒരു കേസിൽ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നേരത്തെ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു.
തമിഴ്നാട് സർക്കാരിന്റെ ഹർജിയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് സജീവ ചർച്ചയായിരിക്കെയാണ് കേരള സർക്കാരിന്റെ ഹർജി പരിഗണനയ്ക്ക് വരുന്നത്. കഴിഞ്ഞ തവണ ഹർജി ഇതേ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല. അടുത്ത വാദം കേൾക്കലിൽ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി മെയ് 13 ലേക്ക് ഹർജി ചീഫ് ജസ്റ്റിസ് പോസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാടിന്റെ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിനും ബാധകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അറ്റോണി ജനറൽ ആർ വെങ്കിട്ട രമണി അറിയിച്ചു. തമിഴ്നാട് സർക്കാറിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ ബി പർദ്ദിവാല ഉൾപ്പെട്ട ബെഞ്ചിലേക്ക് ഈ ഹർജിയും മാറ്റണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് സഞ്ജുനയ്ക്ക് മുൻപിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
Story Highlights: The Supreme Court will address the Kerala government’s petition against the Governor’s delay in deciding on bills.