**തിരുവനന്തപുരം◾:** അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് ഇന്ന് കോടതി ശിക്ഷ വിധിക്കും. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിൽ വച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ ഏക പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രനോട് കോടതി പശ്ചാത്താപം ഉണ്ടോ എന്ന് ചോദിച്ചു.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല മോഷ്ടിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ഒരു തെറ്റും ചെയ്യാത്തതുകൊണ്ട് പശ്ചാത്താപമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. ഇവിടെയല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധിത്വം തെളിയുമെന്നും പ്രതി കോടതിയെ അറിയിച്ചു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി വ്യക്തമാക്കി.
കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447), കൊലപാതകം (302), മരണം ഉണ്ടാക്കിയുള്ള കവർച്ച (397), തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവുകളും ഡിവിഡികളും നൂറുകണക്കിന് രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയവും സാഹചര്യവുമായ തെളിവുകളെ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്നും ഉന്നത കോടതിയിൽ നീതി ലഭിക്കുമെന്നും പ്രതി രാജേന്ദ്രൻ പറഞ്ഞു. കോടതിക്ക് തന്നെ ശിക്ഷിക്കാമെന്നും പ്രതി വെല്ലുവിളിച്ചു.
Story Highlights: A Thiruvananthapuram court will sentence Rajendran today for the murder of Vineetha in Ambalamukku.