സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവുചുരുക്കൽ നടപടികളുമായി സിപിഐ. പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുണ്ടുമുറുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. ഉന്നത നേതാക്കളുടെ യാത്രകൾ നിയന്ത്രിച്ചും ഭക്ഷണച്ചെലവുകൾ കുറച്ചുമാണ് പാർട്ടി ചെലവുചുക്കലിന് തുടക്കമിട്ടത്.
പാർട്ടി നേതാക്കളുടെ ആഡംബര ജീവിതത്തോടുള്ള അകൽച്ച എടുത്തുപറയേണ്ടതാണ്. സിപിഐ നേതാക്കൾ ആദർശത്തിന്റെ കാര്യത്തിൽ എല്ലാക്കാലത്തും പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. എന്നാൽ, പാർട്ടി ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തോടെ വന്ന സാമ്പത്തിക ബാധ്യതയാണ് ചെലവുചുക്കലിന് കാരണം.
എം എൻ സ്മാരകത്തിന്റെ പുനർനിർമാണത്തിനും സി കെ ചന്ദ്രപ്പൻ സ്മാരക നിർമാണത്തിനുമായി വന്ന വൻ ചെലവ് പാർട്ടിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. തിരുവനന്തപുരത്തെ എം എൻ സ്മാരകത്തിന്റെ പുനർനിർമാണത്തിന് 10 കോടി രൂപയും കൊല്ലം കൊട്ടാക്കരയിലെ സി കെ ചന്ദ്രപ്പൻ സ്മാരക നിർമാണത്തിന് 14 കോടി രൂപയുമാണ് ചെലവായത്.
കാറുകളുടെ ഉപയോഗം കുറച്ചും നേതാക്കളുടെ കാർ യാത്രകൾ ഒഴിവാക്കിയുമാണ് ചെലവുചുക്കലിന് തുടക്കമിട്ടത്. സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കാന്റീനിൽ നിന്ന് ആഹാരം കഴിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യാത്രകൾ പരമാവധി ട്രെയിനുകളിലേക്ക് മാറ്റിയതും മാതൃകയായി.
സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മൂന്ന് കാറുകളുടെ ഉപയോഗം കുറച്ചതിലൂടെ മൂന്ന് മാസം കൊണ്ട് നാല് ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളുടെ യാത്രകൾക്കായാണ് ഈ തുക ചെലവായിരുന്നത്. തിരുവനന്തപുരത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് കാർ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
പുതുക്കിപ്പണിത എം എൻ സ്മാരക മന്ദിരത്തിലെ പത്ത് മുറികളിൽ എട്ടെണ്ണം ദിവസവാടകയ്ക്ക് നൽകുന്നുണ്ട്. പന്ന്യൻ രവീന്ദ്രനും ഓഫീസ് സെക്രട്ടറിക്കും മാത്രമാണ് സൗജന്യമായി മുറികൾ ലഭിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് മുറി ഉപയോഗിക്കാമെങ്കിലും ബിനോയ് വിശ്വം മകളുടെ വീട്ടിലാണ് താമസം.
രാജ്യസഭാംഗങ്ങളായ പി സന്തോഷ് കുമാർ, പി പി സുനീർ എന്നിവർക്ക് എം പി എന്ന നിലയിൽ വാഹനമുണ്ട്. എന്നാൽ, മുതിർന്ന നേതാവായ കെ പ്രകാശ് ബാബുവിന് കാർ ഉപയോഗിക്കാനോ ഓഫീസിൽ മുറിയോ അനുവദിച്ചിട്ടില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ നേതാക്കൾ കാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പാർട്ടി നിർദ്ദേശം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് നേതാക്കൾ പറയുന്നു. എംഎൽഎമാർ ഗസ്റ്റ് ഹൗസ് ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ചെലവുചുരുക്കൽ നടപടികൾ കർശനമായി നടപ്പാക്കിയതോടെ താഴേത്തട്ടിലും സമാന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
Story Highlights: CPI implements cost-cutting measures, including travel restrictions and reduced food expenses, to address financial challenges.