ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച 240 ട്രെയിനി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഇന്റേണൽ അസസ്മെന്റ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതാണ് പിരിച്ചുവിടലിന് കാരണമെന്ന് കമ്പനി അറിയിച്ചു.
ഏപ്രിൽ 18നാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ ലഭിച്ചത്. ഇൻഫോസിസിൽ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ നേടാൻ കഴിഞ്ഞില്ലെന്ന് ഇമെയിലിൽ പറയുന്നു. ഫെബ്രുവരിയിലും ഇൻഫോസിസ് മുന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
പിരിച്ചുവിട്ടവരിൽ പലരും 2022ൽ ഓഫർ ലെറ്റർ ലഭിച്ചവരാണ്. എന്നാൽ കോവിഡ്, പ്രോജക്ട് പ്രശ്നങ്ങൾ, നിയമന നടപടികളിലെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാൻ 2024 വരെ കാത്തിരിക്കേണ്ടി വന്നു.
പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി, ഇൻഫോസിസ് ജീവനക്കാർക്ക് തൊഴിൽ മേഖലയിൽ മെച്ചപ്പെടാൻ സൗജന്യ അപ്സ്കില്ലിങ് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ പിരിച്ചുവിട്ടവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, ഇൻഫോസിസ് ബിപിഎം ലിമിറ്റഡിൽ ലഭ്യമായ അവസരങ്ങൾക്കും അപേക്ഷിക്കാമെന്ന് കമ്പനി അറിയിച്ചു.
Story Highlights: Infosys has laid off 240 trainee professionals who joined in October 2024, citing failure in internal assessment tests.