നാഷണൽ ഹെറാൾഡ് കേസിലെ ഇഡിയുടെ നടപടികൾക്കെതിരെ കോൺഗ്രസ് യോഗം വിളിച്ചുചേർത്തു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുടെയും മല്ലികാർജുൻ ഖർഗയുടെയും നേതൃത്വത്തിൽ നാളെയാണ് യോഗം ചേരുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി നടപടികൾ ശക്തമാക്കുന്ന സാഹചര്യത്തിൽ തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.
പാർട്ടിയുടെ ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ളവർ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ നിയമവിരുദ്ധമായി ഏറ്റെടുത്തെന്നാണ് കേസ്.
അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ്, യങ് ഇന്ത്യാ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് കേസ്. നാഷണൽ ഹെറാൾഡിന്റെ പേരിലുള്ള 166 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവരും കേസിലെ പ്രതികളാണ്. ഡൽഹി പട്യാല റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഈ മാസം 25ന് കോടതി പരിഗണിക്കും.
Story Highlights: Congress convenes a meeting to discuss the Enforcement Directorate’s actions in the National Herald case.