മലപ്പുറം◼️ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില് പ്രസവം നടത്താന് ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില് നിലനില്ക്കുന്ന തെറ്റിദ്ധാരണകള് അകറ്റാനും ബോധവത്കരണം ശക്തമാക്കാനും മലപ്പുറം ജില്ലാ കലക്ടര് വി. ആർ. വിനോദ് വിളിച്ച മത നേതാക്കളുടെ യോഗത്തില് സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യ വകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്, പ്രസവം സുരക്ഷിതമാക്കാന് ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന കാമ്പയിന്റെ ഭാഗമായാണ് യോഗം വിളിച്ചത്.
ഒരു മതവും പ്രസവത്തിന് ആശുപത്രികളില് ചികിത്സ തേടുന്നതിനെ എതിര്ക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കര്ഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തില് പങ്കെടുത്ത വിവിധ മത നേതാക്കള് അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്ക്ക് പിന്നിലുള്ളവര്ക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെ യോ പിന്ബലമില്ല. ജനങ്ങള്ക്കിടയില് തെറ്റിദ്ധാരണ പരത്തുന്നത് തടയാന് ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തില് ആരോഗ്യ വകുപ്പിന്റെയും ജില്ലാഭരണ കൂടത്തിന്റെയും ശ്രമങ്ങള്ക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പ് നല്കി. അതേസമയം, അനാവശ്യമായി സിസേറിയന് നടത്തുന്നതായും മറ്റും ആശുപത്രികളെ കുറിച്ച് സംശയമുളവാക്കുന്ന സാഹചര്യം ഒഴിവാക്കാന് ആരോഗ്യ വകുപ്പ് ജാഗ്രത പുലര്ത്തണമെന്നും യോഗം.
സിസേറിയന്റെ കാര്യത്തില് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില് കൃത്യമായ ഓഡിറ്റിങിന് സര്ക്കാര് തലത്തില് സംവിധാനമുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു. ആശുപത്രികളിലെ പ്രസവത്തെ സംബന്ധിച്ച് ആളുകളുടെ ഇടയില് എന്തെങ്കിലും ആശങ്കകള് ഉണ്ടെങ്കില് അത് പരിഹരിക്കാനുള്ള നടപടികള് സ്വീകരിക്കുമെന്നും ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്. ഗാര്ഹിക പ്രസവങ്ങള് കൂടുതലായി റിപ്പോര്ട്ട് ചെയ്യുന്ന താനാളൂര്, മംഗലശ്ശേരി, ചെറിയമുണ്ടം എന്നീ പ്രദേശങ്ങള് കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികള് സംഘടിപ്പിക്കും. വനിതകളെയും പിന്നോക്ക വിഭാഗത്തില് പെട്ടവരെയും യുവജനങ്ങളെയും ബോധവത്കരിക്കും. മതനേതാക്കള് വഴിയും ബോധവല്ക്കരണ പരിപാടികളും ആശുപത്രികളിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കും.
ജനങ്ങളുടെ മനസ്സിലെ ആശങ്ക അകറ്റി ആശുപത്രികള് ഗര്ഭിണി- ശിശു സൗഹൃദമാക്കി മാറ്റും. ഭാവി തലമുറയെ കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നമായി തന്നെയാണ് ഗാര്ഹിക പ്രസവത്തെ കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നവര്ക്കെതിരെ നടപടികള് സ്വീകരിക്കും. കാമ്ബയിന്റെ ഭാഗമായി തുടര്യോഗങ്ങളും ചര്ച്ചകളും നടത്തും. ആരോഗ്യ സൂചികയില് ഉയര്ന്നു നില്ക്കുന്ന കേരളം ലോകത്തിനുതന്നെ മാതൃകയാണ്. 2024 -25 വര്ഷത്തില് 192 ഗാര്ഹിക പ്രസവങ്ങളാണ് മലപ്പുറം ജില്ലയില് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും ആശുപത്രികളെ കുറിച്ചുള്ള ആശങ്കകളും ഇതിനൊരു കാരണമാണെന്നും യോഗം വിലയിരുത്തി. ഈ അവസ്ഥ പരിഹരിക്കുന്നതിനും ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ജില്ലാ കലക്ടര് യോഗം വിളിച്ചു ചേര്ത്തത്.
Story Highlights: Malappuram district collector convened a meeting with religious leaders to promote hospital deliveries and address misconceptions about home births.