**മുംബൈ◾:** ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിലായി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് ഹെൽപ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സൽമാന്റെ വീട്ടിൽ കയറി കാർ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു സന്ദേശത്തിലെ ഭീഷണി. 26 വയസ്സുള്ള മായക് പാണ്ഡ്യ എന്നയാളാണ് പിടിയിലായത്.
സംഭവത്തിൽ വർളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് വർളിയിലെ മുംബൈ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351 (2) (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ കുപ്രസിദ്ധ അധോലോക നായകൻ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൊലപാതകശ്രമവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള കേസുകളിൽ ലോറൻസ് ബിഷ്ണോയി അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബിഷ്ണോയി സംഘത്തിലെ അംഗങ്ങൾ സൽമാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെ, സൽമാൻ ഖാന്റെ ബാന്ദ്ര ഫ്ലാറ്റിന്റെ ബാൽക്കണിക്ക് പുറത്ത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനൽ അടുത്തിടെ സ്ഥാപിച്ചിരുന്നു.
Story Highlights: A man has been taken into custody by Mumbai police after a death threat was sent to Bollywood actor Salman Khan.