ആശാ വർക്കർമാരുടെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കി.
സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ്. മിനി ആരോപിച്ചു. 99 ശതമാനം ജനങ്ങളും സമരത്തോടൊപ്പമാണെന്നും സമരം നിർത്തുക എന്നത് അജണ്ടയിൽ ഇല്ലെന്നും അവർ പറഞ്ഞു. പൂർവാധികം ശക്തിയോടെ സമരം മുന്നോട്ടു കൊണ്ടുപോകുമെന്നും എസ് മിനി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏപ്രിൽ 21ന് ആശാ വർക്കർമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കുമെന്ന് സമരസമിതി അറിയിച്ചു. സർക്കാർ ചർച്ചയ്ക്ക് വിളിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആവശ്യങ്ങൾ നടപ്പിലാക്കിയെടുക്കുവാൻ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മിനി പറഞ്ഞു.
ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് നടത്തുന്ന സമരം 63ആം ദിവസത്തിലേക്ക് കടന്നു. ഈ സമരം കേരളത്തിന്റെ സമരചരിത്രത്തിൽ സ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരമായി രേഖപ്പെടുമെന്ന് എസ് മിനി അഭിപ്രായപ്പെട്ടു.
Story Highlights: Asha workers’ strike in Kerala continues for the 63rd day, demanding increased honorarium and retirement benefits.