മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. 2024 മാർച്ചിൽ വീണാ വിജയനെതിരെ ഇഡി ECIR രജിസ്റ്റർ ചെയ്തിരുന്നു. എസ്എഫ്ഐഒ രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ വീണയോട് ആവശ്യപ്പെട്ട് സമൻസ് നൽകുമെന്നാണ് വിവരം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്വന്റിഫോറാണ് വീണാ വിജയനെതിരെ ഇഡി ECIR രജിസ്റ്റർ ചെയ്ത വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇഡിക്ക് ഇനി വിഷയത്തിൽ മറ്റൊരു ECIR രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്നും തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്നും അധികൃതർ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എസ്എഫ്ഐഒയോട് ഇഡി ആരാഞ്ഞിരുന്നുവെന്ന വാർത്തയും ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് എടുത്തതിനാൽ, കൃത്യമായ രേഖകളും മറ്റും ഹാജരാക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹർജികളിൽ വാദം കേൾക്കും. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിന് മുൻപായി മറുപടി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരാകും. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നേരത്തെ നൽകിയ ഹർജിയിലും ഇന്ന് വാദം കേൾക്കും.
Story Highlights: Enforcement Directorate to question Veena Vijayan in the monthly payment controversy.