നെയ്യാറ്റിൻകര ◾ കാരോട് പൊറ്റയിൽക്കട പരുത്തിവിള വീട്ടിൽ സൗമ്യ(20)യെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിൽ കുമാറി(40)ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഇടപറ്റ മേലാറൂർ ഏപ്പിക്കാടു കരുവാമ്പലം വീട്ടിൽ നാരായണന്റെ മകൾ സൗമ്യ 2012 ൽ ആണ് കൊല്ലപ്പെട്ടത്. മലപ്പുറം ഇടപറ്റ മേലാറൂർ ഏപ്പിക്കാടു കരുവാമ്പലം സ്വദേശിയാണ് സൗമ്യ. അനിൽ കുമാർ വിവാഹം കഴിച്ച ശേഷം കാരോട് പൊറ്റയിൽക്കട പരുത്തിവിള വീട്ടിലാണ് താമസം. ഇവർക്ക് കുട്ടികൾ ഇല്ല.
മലപ്പുറത്തുള്ള ഒരാളുമായി പ്രണയമുണ്ടെന്ന് ആരോപിച്ച് അനിൽ കുമാർ, സൗമ്യയെ ഉപദ്രവിക്കുക പതിവായിരുന്നു. പലപ്പോഴും അയൽക്കാരാണ് അഭയം നൽകിയിരുന്നത്. പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ വിവരങ്ങൾ ശരിയെന്ന് കോടതി കണ്ടെത്തി. ഉപദ്രവം അസഹനീയമായതിനെ തുടർന്ന് 2012 ഫെബ്രുവരി 7ന് അയൽക്കാരിൽ നിന്ന് 500 രൂപ കടം വാങ്ങി ട്രെയിനിൽ സ്വന്തം നാടായ മലപ്പുറത്തേയ്ക്കു പോകാൻ ശ്രമിച്ച സൗമ്യയെ അനിൽ കുമാർ ബലമായി പിടിച്ചുകൊണ്ടു വന്ന് ക്രൂരമായി മർദിച്ചു. പിന്നീട് അന്നു വൈകിട്ട് ആറരയോടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
സൗമ്യ സ്വയം തൂങ്ങി മരിച്ചുവെന്നു വരുത്തി തീർക്കാൻ, ഒരു സാരിയുടെ കുരുക്ക് ഉണ്ടാക്കി രണ്ടായി മുറിച്ചു മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. പിന്നീട് അയൽവാസിയും ബന്ധുവുമായ ബാബു എന്നയാളെയും കൂട്ടി, സൗമ്യയുടെ മൃതദേഹം പാറശാല സർക്കാർ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നു കളഞ്ഞു. അനിൽ കുമാറിനെ സഹായിച്ച രണ്ടാം പ്രതിയും ബന്ധുവുമായ ബാബുവിനെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ആണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. മൃതദേഹമാണ് ചികിത്സയ്ക്കു വേണ്ടി പാറശാല ഗവ.
ആശുപത്രിയിൽ എത്തിച്ചതെന്ന് അന്ന് അവിടെയുണ്ടായിരുന്ന ഡോ. സുമി ശ്രീനിവാസനന്റെ മൊഴിയിൽ നിന്ന് വ്യക്തമായി. മെഡിക്കൽ കോളജ് സീനിയർ പൊലീസ് സർജൻ ഡോ. കെ. എസ്.
മീന കോടതിയിൽ നൽകിയ മൊഴിയാണ്, കൊലപാതകം കഴുത്തു ഞെരിച്ചുള്ളതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജി കുമാർ, അഡ്വ. മഞ്ജിത എന്നിവർ ഹാജരായി.
Story Highlights: Anil Kumar sentenced to life imprisonment for murdering his wife Soumya in Neyyattinkara in 2012.