മലപ്പുറം: പരീക്ഷകളിൽ വിദ്യാർത്ഥികൾ നടത്തുന്ന കോപ്പിയടി തടയുന്നതിനായി മലപ്പുറം ജില്ലാ കളക്ടർ വി. ആർ. വിനോദ് പുതിയ ഉത്തരവിറക്കി. പാഠഭാഗങ്ങൾ മൈക്രോ കോപ്പിയെടുത്ത് കോപ്പിയടിക്കുന്ന രീതിക്കെതിരെയാണ് നടപടി.
കോപ്പിയടിക്കാൻ കുട്ടികളെ സഹായിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ച് ട്വന്റിഫോർ വാർത്ത പുറത്തുവിട്ടതിനെ തുടർന്നാണ് കർശന നടപടികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയത്. വിദ്യാർത്ഥികൾ കോപ്പിയടിക്കാൻ മൈക്രോ ലെവൽ പ്രിന്റ് ഔട്ടുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് ഫോട്ടോസ്റ്റാറ്റ് കടയുടമ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോപ്പിയടി തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. വിദ്യാർത്ഥികൾക്ക് ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സ്കൂളുകളിൽ ബോധവൽക്കരണം നടത്താനും ജില്ലാ കളക്ടർ നിർദേശിച്ചു.
കോപ്പിയടിയിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനുള്ള എല്ലാവിധ ജാഗ്രതയും വിദ്യാഭ്യാസ വകുപ്പ് പാലിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തേണ്ടത്. വാട്സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികളുടെ കച്ചവടം നടക്കുന്നതായി ട്വന്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്.
വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ കോപ്പികൾ വിൽക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ജോയിൻ ചെയ്തുകൊണ്ടാണ് ട്വന്റിഫോർ പ്രതിനിധി ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത്. പരീക്ഷക്ക് രണ്ട് ദിവസം മുൻപ് തന്നെ കോപ്പികൾ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വരാൻ സാധ്യതയുള്ള ചോദ്യോത്തരങ്ങൾക്ക് പണം നൽകണമെന്നും പണമയച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകിയാൽ കോപ്പികൾ ലഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൈക്രോ ലെവലിൽ എഴുതിയ കോപ്പികൾ പ്രിന്റ് ചെയ്ത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികൾ പരീക്ഷാഹാളിൽ എത്തുന്നത്.
അധ്യാപകർ സമീപകാലത്ത് പിടിച്ചെടുത്ത കോപ്പികളിലെ സാദൃശ്യമാണ് ട്വന്റിഫോറിനെ ഇത്തരമൊരു അന്വേഷണത്തിലേക്ക് നയിച്ചത്. പഠനോപകരണങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പ് നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കുട്ടികൾ പഠനോപകരണങ്ങൾ പരീക്ഷാ സമയത്ത് കോപ്പിയടിക്കാനുള്ള തുണ്ടുകളായി ഉപയോഗിക്കുന്നത് വ്യക്തമാണ്.
Story Highlights: Malappuram District Collector takes action against micro-copying and social media groups facilitating exam cheating.