നടൻ ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സ് പൊലീസിൽ പരാതി നൽകി. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ബാലയുടെ മുൻ പങ്കാളി എലിസബത്തിനും അജു അലക്സിനുമെതിരെ ബാലയും പരാതി നൽകിയിരുന്നു.
ബാലയുടെ ഭാര്യ കോകിലയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. യൂട്യൂബർ അജു അലക്സുമായി ചേർന്ന് എലിസബത്ത് തുടർച്ചയായി തന്നെ അപമാനിക്കുന്നുവെന്നും ബാല ആരോപിക്കുന്നു.
അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത ഫോൺ കോൾ വന്നിരുന്നതായും ബാല പറയുന്നു. സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയാണെന്നും ബാല പരാതിയിൽ പറയുന്നു. പണം നൽകാത്തതാണ് അപവാദ പ്രചാരണത്തിന് കാരണമെന്നും ഇരുവരും ചേർന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാല പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
Story Highlights: YouTuber Aju Alex files a police complaint against actor Bala, alleging death threats.