കോഴിക്കോട് കോവൂരിൽ ഒരു മധ്യവയസ്കൻ ഓടയിൽ വീണ് കാണാതായ സംഭവത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. കോവൂർ സ്വദേശിയായ 58 വയസ്സുള്ള ശശി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകിയ ഓടയിലേക്ക് അദ്ദേഹം മറിഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാർ, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം പരിധിയിൽ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇന്ന് രാവിലെ ഏഴു മണിയോടെ തിരച്ചിൽ വീണ്ടും ആരംഭിക്കും.
ഇന്നലെ ഇടിമിന്നലോട് കൂടിയ കനത്ത മഴയായിരുന്നു കോഴിക്കോട് അനുഭവപ്പെട്ടത്. സാധാരണ മഴ പെയ്താൽ പോലും ഓടയിൽ ശക്തമായ ഒഴുക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്നലത്തെ കനത്ത മഴയിൽ ഓട നിറഞ്ഞ് കവിഞ്ഞൊഴുകുകയായിരുന്നു. ഓടയിലിറങ്ങി പരിശോധന നടത്തിയെങ്കിലും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
Story Highlights: Search operations resume for a man who fell into a drain in Kozhikode, Kerala, amidst heavy rainfall.