വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങിയ സംഭവത്തിൽ ഇന്നും കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് മടങ്ങിയെന്നാണ് വനംവകുപ്പ് സംഘത്തിന്റെ നിഗമനം. കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂടുകളിൽ ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല. കടുവയെ പിടികൂടാത്തതിൽ പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്നിഫർ ഡോഗിന്റെ സഹായത്തോടെ രാവിലെ മുതൽ തെരച്ചിൽ നടത്തിയിരുന്നു. ജനവാസ മേഖലയ്ക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ നടത്തിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. ഹില്ലാഷ്, അരണക്കൽ മേഖലകളിലേക്ക് കടുവ നീങ്ങിയതായി സംശയിക്കുന്ന ദൗത്യസംഘം ഈ മേഖലകളിൽ രണ്ട് കൂടുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രദേശത്ത് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ജനവാസ മേഖലയിലും പരീക്ഷ നടക്കുന്ന സ്കൂളിലും സുരക്ഷ ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അനുകൂല സാഹചര്യം ലഭിച്ചാൽ മയക്കുവെടി വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. കടുവയെ പിടികൂടാനുള്ള ദൗത്യം നാളെയും തുടരും.
Story Highlights: A tiger that entered a populated area in Grambi, Vandiperiyar, Idukki, remains elusive, prompting protests from residents.