ലേസർ ആയുധ വികസനത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. പ്രതിരോധ രംഗത്ത് പരമ്പരാഗത ആയുധങ്ങൾക്ക് പകരം ഡയറക്ട് എനർജി ആയുധങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ. 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’ എന്ന ഹൈ എനർജി ലേസർ ആയുധമാണ് ഡിആർഡിഒയുടെ പുതിയ കണ്ടുപിടുത്തം. 20 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഈ ആയുധത്തിന് ശേഷിയുണ്ട്.
ശത്രു മിസൈലുകളെയും വിമാനങ്ങളെയും തകർക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന റോക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന ആയുധമാണ് സൂര്യ. വ്യോമ പ്രതിരോധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഈ ആയുധം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027-ൽ സൂര്യയുടെ ആദ്യ ഫീൽഡ് പരീക്ഷണം നടക്കും.
ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമെന്ന നിലയിലാണ് സൂര്യയെ പ്രധാനമായും വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വ്യോമപരിധിയിലേക്ക് കടന്നുവരുന്ന ഡ്രോണുകൾ, റോക്കറ്റുകൾ തുടങ്ങിയവയെയും ഈ ലേസർ ആയുധം നിർവീര്യമാക്കും. ചെലവ് കുറഞ്ഞ ആയുധമെന്ന നിലയിലാണ് ലേസർ ആയുധങ്ങളെ കണക്കാക്കുന്നത്.
നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ ചെലവാണ് വരുന്നത്. മിസൈലുകളും റോക്കറ്റുകളും വികസിപ്പിക്കുന്നതിന് വൻതുക ചെലവഴിക്കേണ്ടിവരും. ഒരു ഉപയോഗത്തിനു ശേഷം പുതിയവ നിർമ്മിക്കേണ്ടിയും വരും. ഈ അധികച്ചെലവ് ഒഴിവാക്കാൻ സൂര്യ സഹായിക്കും. ഡയറക്ട് എനർജി ആയുധങ്ങൾ സ്ഥാപിച്ചാൽ കുറഞ്ഞ ചെലവിൽ ശത്രു ആക്രമണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
മിസൈലുകളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ലേസർ രശ്മികൾക്ക് ശത്രുവിന്റെ ഹൈപ്പർസോണിക് മിസൈലുകളെ വരെ നിർവീര്യമാക്കാൻ കഴിയും. അമേരിക്ക, റഷ്യ, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളും ലേസർ അധിഷ്ഠിത ഡയറക്ട് എനർജി ആയുധങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഈ രാജ്യങ്ങൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, ‘സൂര്യ’യുടെ ശേഷി മറ്റു രാജ്യങ്ങളുടെ ലേസർ ആയുധങ്ങൾക്ക് സമാനമാണ്. അമേരിക്ക പരീക്ഷിച്ച ഹൈ എനർജി ലേസർ വെപ്പൺ സിസ്റ്റത്തിന് 300 കിലോവാട്ട് കരുത്താണുള്ളത്. 100 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും ലേസർ ആയുധങ്ങൾ ഡിആർഡിഒ നേരത്തെ വികസിപ്പിച്ചിരുന്നു. ഇവയുടെ പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഇതിനു പിന്നാലെയാണ് 300 കിലോവാട്ടിന്റെ ആയുധം വികസിപ്പിക്കുന്നത്.
Story Highlights: DRDO develops 300-kilowatt laser weapon ‘Surya’ for air defense.