ഡിആർഡിഒയുടെ നേതൃത്വത്തിൽ ലേസർ ആയുധ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഉയർന്ന പവർ ലേസർ-ഡ്യൂ സാങ്കേതികവിദ്യയാണ് പരീക്ഷിച്ചത്. ഈ നേട്ടത്തോടെ യുഎസ്, റഷ്യ, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ലേസർ ആയുധ സാങ്കേതികവിദ്യയിൽ മുന്നിൽ എത്തി.
ലേസർ ഉപയോഗിച്ച് പറന്നുകൊണ്ടിരിക്കുന്ന ഡ്രോണിനെ നിർവീര്യമാക്കാനും തകർക്കാനും പരീക്ഷണത്തിൽ സാധിച്ചു. യുദ്ധമേഖലകളിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ നേട്ടം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. പരമ്പരാഗത ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലേസർ ആയുധങ്ങൾക്ക് കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയും.
കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ ആയുധം വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങളിലൂടെ വേഗത്തിൽ വിന്യസിക്കാനും സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 30 കിലോവാട്ട് എംകെ-II(എ) ലേസർ-ഡയറക്ടഡ് എനർജി വെപ്പൺ സിസ്റ്റം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് പരീക്ഷിച്ചത്. വളരെ ചെലവ് കുറഞ്ഞ രീതിയിൽ ലക്ഷ്യം ഭേദിക്കാൻ ഈ ആയുധത്തിന് സാധിക്കും.
ഡിആർഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് (CHESS), എൽആർഡിഇ, ഐആർഡിഇ, ഡിഎൽആർഎൽ, അക്കാദമിക് സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായ സംരഭങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് Mk-II(A) DEW സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഏറ്റവും ശക്തമായ കൗണ്ടർ ഡ്രോൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചതെന്ന് ഡിആർഡിഒ ഉദ്യോഗസ്ഥർ അറിയിച്ചു.
300 കിലോവാട്ട് ഊർജമുള്ള ലേസർ ആയുധമായ ‘സൂര്യ’ ഡിആർഡിഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 2027-ൽ ആയിരിക്കും സൂര്യ ആദ്യമായി ഫീൽഡിൽ പരീക്ഷിക്കുക. വ്യോമ പ്രതിരോധത്തിനും ശത്രു മിസൈലുകളെയും വിമാനങ്ങളെയും തകർക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന റോക്കറ്റുകളിൽ നിന്നും വ്യത്യസ്തമായ അത്യാധുനിക സാങ്കേതിക വിദ്യയാണ് ലേസർ ആയുധങ്ങൾ.
Story Highlights: DRDO successfully tested a high-power laser weapon system capable of neutralizing aerial threats within a 5-kilometer range.