ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് പടിക്കലെ രാപ്പകൽ സമരം 34-ാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ആശാ വർക്കർമാർ. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആശ വർക്കേഴ്സിനുള്ള ധനസഹായം ഉയർത്തണമെന്ന് ശിപാർശ നൽകിയിരുന്നു. കേന്ദ്രം ഇൻസെന്റീവ് കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
സമരപ്പന്തലിലേക്ക് നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ എത്തി പിന്തുണ അറിയിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കൊപ്പം സങ്കടപ്പൊങ്കാല അർപ്പിച്ച ആശാ വർക്കർമാർക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ, ഇതുവരെയും ആശാവർക്കേഴ്സുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം പരിഹരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആശാ വർക്കർമാരുടെ പ്രധാന ആവശ്യം.
സെക്രട്ടേറിയറ്റ് ഉപരോധം വഴി സമരം അടുത്ത ഘട്ടത്തിലേക്ക് നീക്കാനാണ് സമരസമിതിയുടെ തീരുമാനം.
Story Highlights: Asha workers’ strike in Kerala enters 34th day, secretariat siege planned.