ആലപ്പുഴയിൽ ഭർത്താവിന്റെ വീടിനു മുന്നിൽ കൈക്കുഞ്ഞുമായി സമരത്തിനൊരുങ്ങുകയാണ് 28 വയസ്സുകാരിയായ സവിത. ചേർത്തല സ്വദേശിയായ സോണിയുമായി പ്രണയിച്ച് വിവാഹിതയായ സവിതയ്ക്ക് വിവാഹശേഷം കൊടിയ ഗാർഹിക പീഡനമാണ് ഭർത്തൃവീട്ടിൽ നിന്ന് നേരിടേണ്ടി വന്നത്. ഭർത്താവ് തന്റെ അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. 35 പവൻ സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും ഭർത്തൃവീട്ടുകാർ പിടിച്ചുവെച്ചിരിക്കുകയാണ്.
ഗർഭകാലത്തും പ്രസവശേഷവും യുവതിക്കും കുഞ്ഞിനും വേണ്ട പരിചരണം പോലും ഭർത്താവ് നൽകിയിരുന്നില്ല എന്ന് സവിത ആരോപിക്കുന്നു. വാടക്കൽ സ്വദേശിനിയായ സവിത രണ്ടു വർഷം മുമ്പാണ് സോണിയെ വിവാഹം കഴിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും സർട്ടിഫിക്കറ്റുകൾ ഭർത്തൃവീട്ടുകാർ നൽകാത്തതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല.
ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സവിത പറയുന്നു. നിലവിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് സവിതയും കുഞ്ഞും താമസിക്കുന്നത്. ഇതിനിടയിലാണ് അമ്മയെ വധിക്കുമെന്ന ഭീഷണി സന്ദേശം ഭർത്താവിൽ നിന്ന് ലഭിച്ചത്.
സ്വർണാഭരണങ്ങളും സർട്ടിഫിക്കറ്റുകളും തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സവിത സമരത്തിനിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം മുതൽ തന്നെ ഭർത്തൃവീട്ടിൽ നിന്ന് കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നും സവിത ആരോപിക്കുന്നു. കൈക്കുഞ്ഞുമായി ഭർത്താവിന്റെ വീട്ടുമുറ്റത്ത് സമരം ചെയ്യാനാണ് സവിതയുടെ തീരുമാനം.
Story Highlights: A woman in Alappuzha is protesting against her husband and in-laws for withholding her gold and certificates.