നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ബിജെപിയും ആർഎസ്എസും അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് നെയ്യാറ്റിൻകര പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും തുഷാർ ഗാന്ധി പ്രതികരിച്ചു. കേരളത്തിൽ എത്തുന്ന ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
തുഷാർ ഗാന്ധിയെ തടഞ്ഞ നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ ഗാന്ധിയുടെ പേരുള്ള എല്ലാവരെയും മഹാത്മാക്കളായി കാണാൻ കഴിയില്ലെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്.
Story Highlights: Police in Neyyattinkara have filed a case against RSS-BJP workers for obstructing Tushar Gandhi.