ചേർത്തലയിൽ സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ENN EMM എന്ന പ്രൈവറ്റ് ബസിലെ ഡ്രൈവർ അനിൽകുമാർ, കണ്ടക്ടർ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ കടത്തുന്നത് തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ചേർത്തല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ നിന്നും 30 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും ബസിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എഴുപുന്ന സ്വദേശികളായ ഇരുവരും ചേർന്ന് ബസിൽ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രൈവറ്റ് ബസുകൾ ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: Two bus employees in Cherthala were arrested for selling banned tobacco products to school children.