ലോകാരോഗ്യ സംഘടനയുടെ 2024 ലെ വായു ഗുണനിലവാര പട്ടികയിൽ ഓസ്\u200cട്രേലിയ, ന്യൂസിലാന്\u200dഡ്, ബഹാമസ്, ബാര്\u200dബഡോസ്, ഗ്രനെഡ, എസ്\u200cറ്റോനിയ, ഐസ്\u200cലാന്\u200dഡ് എന്നീ ഏഴ് രാജ്യങ്ങൾ മുന്നിലാണ്. ഐക്യു എയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാർഷിക PM2.5 ലെവൽ WHO നിശ്ചയിച്ചിരിക്കുന്ന പരിധിയുടെ പത്തിരട്ടിയിലധികമാണ്. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഛാഡ്, ബംഗ്ലാദേശ് എന്നിവയാണ് ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡൽഹി മാറിയിരിക്കുന്നു. 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള മലിന വായുവിലെ ചെറിയ കണികകളെയാണ് PM2.5 എന്ന് വിളിക്കുന്നത്, ഇവ ശ്വാസകോശത്തിലും, രക്തത്തിലും പ്രവേശിച്ച് ശ്വസന പ്രശ്നങ്ങൾ, ഹൃദ്രോഗം, കാൻസർ എന്നിവയ്ക്ക് കാരണമാകുന്നു.
ഇന്ത്യയിലെ വായു മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ആയുർദൈർഘ്യം ശരാശരി 5.2 വർഷം വരെ കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബൈർനിഹാത്ത്, പഞ്ചാബിലെ മുള്ളൻപൂർ, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് ലോകത്തിലെ മലിനമായ മറ്റ് ഇന്ത്യൻ നഗരങ്ങൾ. 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏകദേശം 1.5 ദശലക്ഷം മരണങ്ങൾ PM2.5 മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിന്റെ പഠനം വ്യക്തമാക്കുന്നു.
സ്വിസ് എയർ ക്വാളിറ്റി ടെക്\u200cനോളജി കമ്പനിയായ ഐക്യു എയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തൽ. മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാനിലെ നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും ഉൾപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാം ആണ് PM2.5ന്റെ പരിധി.
Story Highlights: Thirteen of the world’s 20 most polluted cities are in India, according to a new study by IQAir.