ആലപ്പുഴയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിലായി. ‘തൃക്കണ്ണൻ’ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ അറിയപ്പെടുന്ന ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരവുകാട് സ്വദേശിയായ ഹാഫിസിനെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും നിയമ വിദ്യാർത്ഥിനിയായ യുവതി പിന്നീട് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞുവെന്നും പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തിയ ശേഷം ഹാഫിസ് യുവതിയുമായി വഴക്കിട്ട് പിരിയുകയായിരുന്നു.
ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഹാഫിസ് പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. വീടിനടുത്ത് വാടകയ്ക്കെടുത്ത മറ്റൊരു വീട്ടിലാണ് റീൽസ് ഷൂട്ടിംഗും എഡിറ്റിംഗും നടന്നിരുന്നത്. ഈ വീട്ടിലാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. 25 കാരനായ ഹാഫിസിന് ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
ഇയാളുടെ റീൽസുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ റീച്ചാണ് ലഭിക്കുന്നത്. ഹാഫിസിനെതിരെ നേരത്തെയും രണ്ട് പീഡന പരാതികൾ ആലപ്പുഴ പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ പരാതിക്കാർ പിന്നീട് കേസിൽ നിന്ന് പിന്മാറിയതിനാൽ ഹാഫിസ് രക്ഷപ്പെട്ടിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ഹാഫിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Social media influencer ‘Thrikkannan’ arrested in Alappuzha for allegedly molesting a woman under the pretext of marriage.