അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവൻ ഷെഹ്നാസ് സിംഗിനെ പഞ്ചാബിലെ ടരൻ തരൻ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും മയക്കുമരുന്ന് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഷെഹ്നാസ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കടത്തിൽ ഇയാൾ പങ്കാളിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ കൊടും ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റവാളിയാണ് ഷെഹ്നാസ് സിംഗ്. യുഎസിൽ ഫെബ്രുവരി 26ന് പിടികൂടിയ വൻ മയക്കുമരുന്ന് ശേഖരത്തിന് പിന്നിൽ ഇയാൾ പ്രവർത്തിച്ചിരുന്നതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ഷെഹ്നാസിന്റെ വീടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി 391 കിലോഗ്രാം മെത്താംഫെറ്റമൈൻ, 109 കിലോഗ്രാം കൊക്കെയ്ൻ, നാല് തോക്കുകൾ എന്നിവ യുഎസ് അധികൃതർ പിടിച്ചെടുത്തു.
യുഎസിൽ നടപടികൾ നേരിട്ടതിനെ തുടർന്ന് ഇന്ത്യയിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളുടെ നാല് കൂട്ടാളികൾ അമേരിക്കയിൽ നേരത്തെ പിടിയിലായിരുന്നു. ഷെഹ്നാസ് സിംഗിന്റെ അറസ്റ്റ് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന് വലിയ തിരിച്ചടിയാണ്.
Story Highlights: International drug mafia leader Shehnaz Singh arrested in Punjab.