ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹൃദ്യം പദ്ധതി വഴി 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൃദ്രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നവജാത ശിശുക്കൾ മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
ഹൃദ്യം പദ്ധതിയിൽ ഇതുവരെ 24,222 കുട്ടികളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15,686 പേരും ഒരു വയസ്സിന് താഴെയുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ ശസ്ത്രക്രിയ ആവശ്യമായി വന്ന 8,000 കുട്ടികൾക്കാണ് ഇതിനകം ശസ്ത്രക്രിയ നടത്തിയത്. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കുന്നുണ്ട്.
കുഞ്ഞുങ്ങളിലെ ഹൃദയ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പ് വലിയ ഇടപെടലുകൾ നടത്തുന്നുണ്ട്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞു. മൂന്ന് മെഡിക്കൽ കോളേജുകൾക്ക് ദേശീയ മുസ്കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
തുടർ ചികിത്സ ഉറപ്പാക്കുന്നതിനും നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ്സൈറ്റ് വിപുലീകരിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റർ/ ഐ.സി.യു. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളിൽ സമയബന്ധിതമായി ശസ്ത്രക്രിയ നടത്തിയാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും.
എല്ലാ കുട്ടികൾക്കും പരിചരണം ഉറപ്പാക്കാൻ വീടുകളിലെത്തിയും അങ്കണവാടികളിലും സ്കൂളുകളിലും സ്ക്രീനിങ് നടത്തുന്നുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ എക്കോ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ നടത്തും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സ ഉറപ്പാക്കുന്നു. സർക്കാർ ആശുപത്രികളിലോ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.
എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളെ ഹൃദ്യം പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാത്രം മൂന്ന് വർഷം കൊണ്ട് 1000 ൽ അധികം കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകി. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉൾപ്പെടെ സജ്ജമാക്കി വളരെ ചെലവേറിയ എക്മോ ചികിത്സയും സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയും ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്.
Story Highlights: Kerala’s Hridyam project provides heart surgery to 8,000 children with congenital heart disease.