ഇടുക്കി നെടുംകണ്ടം കോമ്പയാറിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സരസ്വതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ സരസ്വതിയോടൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പാണ് ഇരുവരും കോമ്പയാറിൽ ജോലിക്കായി എത്തിയത്. ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളിൽ വെച്ച് മദ്യപിച്ചിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. മദ്യപാനത്തിനു ശേഷം രാജേഷ് സരസ്വതിയെ മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ രാജേഷ് തന്നെ മൊബൈലിൽ പകർത്തിയതായും പോലീസ് കണ്ടെത്തി. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാവിലെ വീടിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലാണ് സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Story Highlights: A migrant worker from Madhya Pradesh was killed in Nedumkandam, Idukki, and a fellow worker is in custody.