താനൂരിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. കുട്ടികളോടൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് താനൂർ ദേവദാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായത്.
പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂരിലെത്തി. ഗരീബ് എക്സ്പ്രസിൽ 12 മണിക്കാണ് പെൺകുട്ടികളും സംഘവും തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാർലറിൽ എത്തിയത് യാദൃശ്ചികമാണെന്നും പോലീസ് കണ്ടെത്തി.
കുട്ടികളെ കാണാതായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുംബൈ ലോണാവാലയിൽ നിന്ന് കുട്ടികളെ കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയിൽ വെച്ചാണ് റെയിൽവേ പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. സ്കൂളിൽ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്.
കുട്ടികളോടൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത അക്ബർ റഹീമിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ ചോദ്യം ചെയ്തു. കുട്ടികളെ യുവാവ് എങ്ങനെയാണ് സഹായിച്ചത് എന്നാണ് പോലീസ് പരിശോധിച്ചത്.
സ്കൂളിൽ കുട്ടികൾ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.
Story Highlights: Two minor girls who went missing from Tanur were found in Mumbai, and a man travelling with them has been arrested.