താനൂർ സ്വദേശികളായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ മുംബൈയിൽ നിന്ന് കണ്ടെത്തി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചതായി പോലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ യൂണിഫോമിൽ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ചാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്കൊപ്പം വിടുകയും ചെയ്യും.
പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ റഹിമിനെ തിരൂരിൽ നിന്നാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോൾ ഒരേ നമ്പറിൽ നിന്നായിരുന്നുവെന്നും ഈ നമ്പർ മഹാരാഷ്ട്രയിൽ നിന്നുള്ളതാണെന്നും പോലീസ് കണ്ടെത്തി.
വീട്ടിൽ നിന്ന് പരീക്ഷയെഴുതാൻ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഇറങ്ങിയത്. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇവർ. കുട്ടികൾ കോഴിക്കോട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
Story Highlights: Two missing girls from Tanur found in Mumbai and brought back to Tirur railway station.