മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവത്തിൽ കോമയിലാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്ന യുവാവ് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ട യുവാവിന് അടിയന്തര ചികിത്സ ആവശ്യമാണെന്നും ഒരു ലക്ഷം രൂപ ഉടൻ കണ്ടെത്തണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
ഐസിയുവിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ സംഭവത്തിന്റെ വീഡിയോ വൈറലായി. പുറത്തിറങ്ങിയ യുവാവ് അഞ്ച് ആശുപത്രി ജീവനക്കാർ തന്നെ തടഞ്ഞുവച്ചിരുന്നതായി ആരോപിച്ചു. യുവാവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്നായിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ചാണ് യുവാവ് ഐസിയുവിൽ നിന്ന് പുറത്തുകടന്നത്. ആശുപത്രിയിലെത്തിച്ച യുവാവിനെ കോമയിലാണെന്നും ലക്ഷങ്ങൾ ചെലവ് വരുമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം. എന്നാൽ, 40,000 രൂപ ആശുപത്രി ബിൽ അടച്ചുവെന്നാണ് യുവാവിന്റെ ഭാര്യ പറയുന്നത്.
സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വലിയൊരു മെഡിക്കൽ തട്ടിപ്പിന് ഇരയായതാണെന്നും ആശുപത്രിക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.
Story Highlights: A man, declared comatose by doctors, walks out of the ICU of a private hospital in Ratlam, Madhya Pradesh, sparking allegations of a medical scam.