സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ ഗ്രൂപ്പ് ചർച്ച പൂർത്തിയായി. തുടർഭരണത്തിന്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്നും ബംഗാൾ പാഠം ആകണമെന്നും സംഘടനാ റിപ്പോർട്ടിൽ ഉപദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം നൽകി.
ബംഗാളിലെ സി.പി.ഐ.എമ്മിന്റെ അനുഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ മേഖലയിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ക്ഷേത്രങ്ങളിലെ വിശ്വാസകാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി സംഘടനാ റിപ്പോർട്ടിലുണ്ട്. സ്വാധീനം വർധിപ്പിക്കാൻ സ്ത്രീകളെ ലക്ഷ്യമിട്ട് ബി.ജെ.പി. പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മഹിളാ അസോസിയേഷന് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാൻ ആകില്ലെന്നും വിമർശനമുണ്ട്.
വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് സി.പി.ഐ.എം. രേഖയിൽ പറയുന്നു. 2021-ലെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. എന്നാൽ ഇതുവരെ നടപ്പാക്കിയിരുന്നില്ല. ക്ഷേമ പെൻഷനും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
പെൻഷൻ കുടിശ്ശികയില്ലാതെ കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. വികസന പദ്ധതികളിൽ നിന്ന് സെസ് ഈടാക്കണമെന്ന നിർദേശം സംസ്ഥാന സമ്മേളനത്തിലും ഉയരുന്നു. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് കൂടി ലഭിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നാണ് അഭിപ്രായം. വികസന പദ്ധതികളിൽ നിന്ന് സെസ് ഈടാക്കേണ്ടിവരുമെന്നും സംസ്ഥാന സമ്മേളന രേഖയിൽ നിർദേശിക്കുന്നു.
Story Highlights: CPIM’s organizational report stresses caution against repeating the Bengal experience in Kerala, advocating for vigilance against negative trends in continued governance.