താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതക കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ നിർണായക തെളിവുകൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക്ക് പ്രയോഗിക്കാൻ പ്രതി യൂട്യൂബ് വീഡിയോകൾ കണ്ടു പഠിച്ചതായി പോലീസ് കണ്ടെത്തി. പ്രതിയുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഇളയ സഹോദരൻ്റെ കരാട്ടെ പരിശീലനത്തിനായി വാങ്ങിയതാണ് നഞ്ചക്ക് എന്നും പ്രതിയുടെ പിതാവിന്റേതല്ലെന്നും പോലീസ് വ്യക്തമാക്കി.
ഷഹബാസിൻ്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സൈബർ സെൽ വിദഗ്ധർ ഷഹബാസിൻ്റെ ഫോൺ മണിക്കൂറുകളോളം പരിശോധിച്ചു. പ്രതികൾ അയച്ച പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിൻ്റെ പ്രതീക്ഷ.
മുതിർന്നവർക്ക് കേസിൽ പങ്കില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഫോണിൻ്റെയും ലാപ്ടോപ്പിൻ്റെയും ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റാഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതായി പോലീസ് കണ്ടെത്തി.
നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അബദ്ധത്തിൽ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇതോടെ അപ്രസക്തമാകും. പ്രതികളും ഷഹബാസിൻ്റെ സുഹൃത്തുക്കളും തമ്മിൽ മുൻപും വാക്കേറ്റങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നു.
ഇതിനിടയിലാണ് കൊലവിളി ഉണ്ടായത്. ആറ് പ്രതികളും നിലവിൽ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ്. മെറ്റയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഷഹബാസിൻ്റെ മൊബൈൽ ഫോൺ മണിക്കൂറുകളാണ് സൈബർ സെല്ലും പൊലീസും പരിശോധിച്ചത്.
Story Highlights: The accused in the Shahabaz murder case learned to use nunchucks from YouTube videos, according to police investigation.