മുംബൈയിലെ അന്തേരിയിൽ 17 വയസ്സുകാരിയെ കാമുകൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജിത്തു താംബേ എന്ന 30 വയസുകാരനാണ് പ്രതി. പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇടപെട്ടതിനെ തുടർന്ന് 17കാരി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. 17 വയസുകാരി കൂട്ടുകാരികളെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കൺമുന്നിൽ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്. യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും സ്വകാര്യ ഭാഗങ്ങളിലും കാലിലും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. പെൺകുട്ടിക്ക് സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്. കുറച്ച് മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഈ ബന്ധത്തിൽ പെൺകുട്ടിയുടെ അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പെൺകുട്ടി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു.
Story Highlights: A 17-year-old girl in Mumbai is in critical condition after her male friend set her on fire.